"അരവിന്ദേട്ടനും അലക്‌സയുടെ കൊച്ചു മോളും"
ഒരു ക്യാൻസർ അതിജീവന കഥ
അഥവാ അതിവിദൂരമല്ലാത്ത ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒന്ന്
*****************************************
അതിരാവിലെ മുതൽ തന്നെ അലക്‌സയുടെ കൊച്ചുമോളായ വിർച്വൽ അസിസ്റ്റൻറ് അരവിന്ദേട്ടനെ വിളിച്ചു കൊണ്ടിരിക്കുകയാണ് . "എഴുന്നേൽക്കൂ ഇന്ന് രാവിലെ 10 മണിക്ക് തളത്തിലെ ദിനേശൻ ചേട്ടൻറെ വീട്ടിൽ പണിക്കു പോവാൻ ഉള്ളതാണ്."
"അരമണിക്കൂർ മുന്നേ എഴുന്നേറ്റ എന്നോടോ മോളെ" എന്ന് ചേട്ടൻ ഇടയ്ക്കിടെ ദയനീയമായി അതിനെ നോക്കുന്നുണ്ട്. എങ്കിലും ഇപ്പോഴും ഈ വിർച്വൽ ഡിവൈസിന്റെ ടെക്നിക് മുഴുവനായങ്ങു മനസ്സിലാവാത്തത് കൊണ്ട് മറ്റു കുടുംബാംഗങ്ങൾ ആരെങ്കിലും എഴുന്നേറ്റു വരുന്നതുവരെ ഓരോ പത്തുമിനിറ്റ് ഇടവിട്ടും അവൾ പറയുന്നത് കേട്ട് ഇരിക്കുകയല്ലാതെ മറ്റു നിർവാഹമില്ല.
അല്പനേരം കഴിഞ്ഞപ്പോൾ സ്ക്രീനിലെ ഡിസ്പ്ലേയുടെ കളറും മ്യൂസിക്കും ഒക്കെ ഒന്നു മാറ്റി പിടിച്ചു മറ്റെന്തോ പ്രധാനപ്പെട്ട കാര്യം അവൾ ഓർമ്മിപ്പിക്കുന്നുണ്ട് എന്ന് തോന്നിയ അരവിന്ദേട്ടൻ ഒന്നു കൂടി ശ്രദ്ധയോടെ ഇരുന്നു.
ഇന്നലെ ആശുപത്രിയിൽ പോയി ചെയ്ത ടെസ്റ്റുകളുടെ റിസൾട്ട് ഇന്ന് രാവിലെ എട്ടുമണിക്ക് അപ്‌ലോഡ് ചെയ്യും എന്നാണ് അറിയിക്കുന്നത്. അപ്പോഴേക്കും ഉറക്കം എണീറ്റ് വന്ന സ്വന്തം കൊച്ചുമോൾക്കൊപ്പം അരവിന്ദേട്ടൻ റിസൾട്ട് അറിയാൻ ഇരുന്നു.
50 വയസ്സു കഴിഞ്ഞ ഏതൊരാൾക്കും അയാളുടെ പ്രായം, കുടുംബപാരമ്പര്യം, മറ്റ് സാധ്യതകൾ എന്നിവ നോക്കി കാൻസറുകൾ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ ഉതകുന്ന സ്ക്രീനിങ് ടെസ്റ്റുകൾ ഉണ്ട്. ഓരോരുത്തർക്കും നിർദ്ദേശിക്കപ്പെടുന്നവ വർഷാവർഷം മുടങ്ങാതെ ചെയ്യാനുള്ളതാണ്. തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പോയി സൗജന്യമായിത്തന്നെ ടെസ്റ്റുകൾ ചെയ്ത് വരാം. ഇക്കുറി ചില ശാരീരിക ലക്ഷണങ്ങൾ മുൻനിർത്തി വിർച്വൽ അസിസ്റ്റന്റ് തന്നെയാണ് ടെസ്റ്റുകൾ ഒക്കെ നേരത്തേ ചെയ്യാൻ നിർദ്ദേശിച്ചത്. അങ്ങനെ ഇന്നലെ പണി കഴിഞ്ഞു പോരുന്ന വഴി ആശുപത്രിയിൽ പോയി കൊടുത്ത ടെസ്റ്റുകളുടെ റിസൾട്ട് ആണ് ഇപ്പോൾ അവൾ പറയുന്നത് .
"റിസൾട്ടുകൾ ഏറെക്കുറെ നോർമൽ ആണ്. ഒരെണ്ണം ഒഴിച്ച്. പി എസ് എ യുടെ (PSA) ലെവൽ ഇത്തിരി കൂടുതലുണ്ട്. അടുത്ത ഘട്ടമായി ബയോപ്സി ആവശ്യമായിവരും."
"ബയോപ്സിയോ മോളേ...ക്യാൻസർ ആണോ?"
ചെറുപ്പത്തിൽ എപ്പോഴൊക്കെയോ കണ്ടു മറന്ന ചില സിനിമാ രംഗങ്ങൾ മനസ്സിലേക്കോടിയെത്തി. ഒരു മരണവാറണ്ട് കയ്യിൽ കിട്ടിയ പ്രതീതിയോടെ അദ്ദേഹം ഡിവൈസിലേക്കും കൊച്ചുമോളുടെ മുഖത്തേയ്ക്കും മാറി മാറി നോക്കി. ഞെട്ടലും ശോകവും ഒക്കെ നിറഞ്ഞ ഒരു ബാക്ഗ്രൗണ്ട് മ്യൂസിക് ആണ് ചേട്ടൻ അലക്സയുടെ കൊച്ചുമകളിൽ നിന്നും പ്രതീക്ഷിച്ചത്. പക്ഷേ അവൾ വളരെ കൂൾ ആയിരുന്നു. തൊട്ടടുത്തിരിക്കുന്ന സ്വന്തം കൊച്ചുമോളും അങ്ങനെതന്നെ. "ഇതിലിപ്പോ എന്തിനാണ് ഇത്ര ടെൻഷൻ മുത്തച്ഛാ? മരുന്നു കഴിച്ചു പൂർണമായും സുഖപ്പെടുത്താൻ കഴിയുന്ന ഒരു അസുഖം അല്ലേ... തുടക്കത്തിൽതന്നെ കണ്ടുപിടിക്കുകയും ചെയ്തു... തൊട്ടടുത്ത ആശുപത്രിയിൽ തന്നെ സുരക്ഷിതമായ ചികിത്സ സൗജന്യ മായി ലഭിക്കുകയും ചെയ്യും..."

ക്യാൻസർ എന്ന അസുഖത്തെ കുറിച്ച് ഇത്രയും ലാഘവത്തോടെ നമുക്ക് സംസാരിക്കാനാവുന്ന ഒരു കാലം വരുമോ? . ആയിരം കാലുകൾകൊണ്ട് കഴുത്തിൽ ഇറുക്കാൻ ശ്രമിക്കുന്ന ഭീമൻ ഞണ്ടിന്റെ കത്രികപ്പൂട്ട് കൾ പൊട്ടിക്കാൻ വർഷങ്ങളോളമായി ശാസ്ത്രവും അതിൽ അർപ്പിതമായ അനേകം ജീവിതങ്ങളും നടത്തുന്ന നിരന്തര പരിശ്രമങ്ങളുടെ ഫലമായി അധികം വൈകാതെ നാം ആ ഒരു കാലത്ത് എത്തിച്ചേരുക തന്നെ ചെയ്യും. ശാസ്ത്രത്തിന്റെ ചരിത്രം എന്നും വെല്ലുവിളികളെ അതിജീവിച്ചത് തന്നെയാണ്.

മലയാളത്തിന്റെ മഹാസാഹിത്യകാരന്മാരിൽ ഒരാളായ ശ്രീ പി കേശവദേവിന്റെ ജനപ്രിയ നോവലുകളിൽ ഒന്നാണ് "ഓടയിൽ നിന്ന് ". 1960-കളിൽ ആണ് അതിനു ചലച്ചിത്രാവിഷ്കാരം ഉണ്ടാകുന്നത്. ക്ഷയം എന്ന രോഗത്തെ എത്ര വലിയ ഒരു വില്ലനായാണ് അന്നത്തെ സമൂഹം കണ്ടിരുന്നത് എന്ന് ആ ചലച്ചിത്രം കാണുന്നവർക്ക് അറിയാം. അതുപോലെ അറുപതുകളിൽ തന്നെ പുറത്തിറങ്ങിയ അശ്വമേധം എന്ന ചലച്ചിത്രത്തിന്റെ പ്രമേയം കുഷ്ഠരോഗവും അതിനോടനുബന്ധിച്ച് രോഗി അനുഭവിക്കുന്ന പ്രയാസങ്ങളുമാണ്. ഇന്നിപ്പോൾ 60 വർഷങ്ങൾക്കിപ്പുറം നമ്മൾ ഈ രോഗങ്ങളുടെ സമ്പൂർണമായ നിർമാർജനത്തെ കുറിച്ചാണ് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ തുടക്കത്തിൽ തന്നെ കണ്ടെത്തി പൂർണമായും ചികിൽസിച്ചു ഭേദമാക്കാനാകുന്ന അസുഖങ്ങളായി അവ മാറിയിട്ട് എത്രയോ വർഷങ്ങളായി.

ഒരേ ഒരു രോഗാണുവും പരിമിതമായ പകർച്ചാരീതികളും ഉള്ള ക്ഷയവും കുഷ്ഠവും പോലെയാണോ ക്യാൻസർ എന്നു ചോദിച്ചാൽ, ഒട്ടും അല്ല. പക്ഷെ ആ വെല്ലുവിളികൾ തന്നെയാണ് ശാസ്ത്രം പുതിയ സാധ്യതകളായി കാണുന്നത്.

നമ്മുടെ ശരീരത്തിലെ ഒട്ടു മിക്ക കോശങ്ങളും നിരന്തരം സങ്കീർണമായ പ്രക്രിയയിലൂടെ വിഭജിച്ചു കൊണ്ടിരിക്കുന്നുണ്ട്. ശരീര പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ ഇത് അത്യന്താപേക്ഷിതവുമാണ്. സാധാരണവും നിയന്ത്രിതവുമായ ഈ പ്രക്രിയ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുകയും അസാധാരണമായ, കാര്യകാരണബന്ധം ഇല്ലാത്ത രീതിയിൽ, കോശങ്ങൾ വിഭജിക്കപ്പെടുകയും അവ ശരിയായ രീതിയിൽ അല്ലാത്ത വളർച്ച പ്രാപിക്കുകയും ചെയ്യുക എന്നുള്ളതാണ് ക്യാൻസർ എന്ന അസുഖത്തിൽ സംഭവിക്കുന്നത്.

ഇതെങ്ങനെ സംഭവിക്കുന്നു ?എന്തുകൊണ്ട് ചിലരിൽ മാത്രം സംഭവിക്കുന്നു? എന്നൊക്കെയാണ് ഗവേഷകർ ഇഴകീറി പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ലളിതമായ പറഞ്ഞാൽ പലരിലും അനിയന്ത്രിതമായ കോശവിഭജജനത്തിനു കാരണക്കാരായ പ്രീ ക്യാൻസറസ് ജീനുകൾ പതിയിരിക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും ആക്ടിവേറ്റ് ചെയ്യപ്പെടാൻ പാകത്തിൽ സ്ലീപ്പർ സെല്ലുകളായി ഉറങ്ങിക്കിടക്കുന്ന ഈ ക്രിമിനൽ ജീനുകൾ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ പ്രേകരങ്ങളാൽ വിളിച്ചുണർത്തപ്പെടുകയും കണ്ണും മൂക്കുമില്ലാതെ പണി തുടങ്ങുകയും കയ്യും കണക്കുമില്ലാതെ കോശങ്ങൾ വിഭജിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

രാസവസ്തുക്കൾ, റേഡിയേഷൻ വികിരണങ്ങൾ, ചില വൈറസുകൾ, ശരീരത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഉപാപചയ പ്രവർത്തനങ്ങളിലുണ്ടാകുന്ന താളപ്പിഴകൾ തുടങ്ങിയവയൊക്കെ ഇത്തരം പ്രീ ക്യാൻസർ ജീനുകളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളായി പ്രവർത്തിക്കാം.ചെറിയ തോതിൽ ഉണ്ടാകുന്ന അസാധാരണ കോശങ്ങളെയൊക്കെ ഉടനടി നശിപ്പിച്ചു കളയാൻ പാകത്തിന് നമ്മുടെ പ്രതിരോധ വ്യവസ്ഥ സുസജ്ജമാണ്. പക്ഷെ വൻ തോതിലുള്ള ഒരു ആക്രമണം എതിരിടാൻ ആവാതെ ശരീരം പലപ്പോഴും തളർന്നു പോകുന്നു. പ്രതിരോധ വ്യവസ്ഥയുടെ തളർച്ച ക്യാൻസറിന്റെ വളർച്ചക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.

ഇത്രയും പറഞ്ഞതിൽ നിന്നും തന്നെ ക്യാൻസർ പ്രതിരോധത്തെയും സ്ക്രീനിങ്ങിനെയും ചികിത്സയെയും കുറിച്ച് ഒരു ഏകദേശ ധാരണ നമുക്ക് ലഭിക്കും.
ക്യാൻസർ ജീനുകൾ ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ നിന്നും ശരീരത്തെ അകറ്റി നിർത്തുന്നത് വഴി തന്നെ ഏതാണ്ട് മൂന്നിൽ ഒരു ഭാഗം ക്യാൻസറുകളെയും പ്രതിരോധിക്കാൻ സാധിക്കും.

പൂർണ്ണമായും ഉപേക്ഷിക്കേണ്ട ചില ശീലങ്ങളുണ്ട്.

പുകയിലയും അനുബന്ധ ഉൽപ്പന്നങ്ങളും:
ലോകത്തതാകമാനം റിപ്പോർട്ട് ചെയ്യപ്പെടുന്ന 22 ശതമാനത്തോളം ക്യാൻസറുകൾ പുകയില യുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.

മദ്യപാനം:
കരൾ, അന്നനാളം, പാൻക്രിയാസ് തുടങ്ങിയ ഇടങ്ങളിൽ വരുന്ന ക്യാൻസറിന് മദ്യപാനം ഒരു കാരണമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

റേഡിയേഷൻ വികരണങ്ങൾ:
അവ ഏൽക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക. സി ടി സ്കാൻ പോലുള്ള പരിശോധനകൾ പ്രത്യേകിച്ച് കുട്ടികളിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

ചില നല്ല ശീലങ്ങൾ തുടങ്ങി വയ്ക്കേണ്ടതുമുണ്ട്.

ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.

ശുദ്ധമായ ജലം ധാരാളം കുടിക്കുക.അതുവഴി നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തി വയ്ക്കുക.

കൃത്യമായ വ്യായാമം വഴി ശരീരഭാരം ക്രമപ്പെടുത്തി വയ്ക്കുക.

മാനസിക സമ്മർദം കുറക്കാനുള്ള വഴികൾ കണ്ടെത്തി ജീവതത്തിൽ പ്രാവർത്തികമാക്കുക.

വാക്സിനുകൾ:
ലിവർ ക്യാൻസർ തടയാൻ ഹെപ്പറ്റൈറ്റിസ് ബി വാക്സിനും ഗർഭാശയ മുഖ ക്യാൻസർ തടയാൻ ഹ്യൂമൻ പാപിലോമ വൈറസ് വാക്സിനും ഉള്ള പങ്ക് സംശതാതീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ക്യാൻസറുമായി ബന്ധപ്പെട്ട് സുവർണ ലിപി കളിൽൽ എഴുതി വയ്‌ക്കേണ്ട കാര്യമാണ് "പ്രാഥമിക ഘട്ടത്തിലുള്ള രോഗനിർണയം" എന്നത്.
ശരീരത്തിൽ കാണപ്പെടുന്ന ചില ആദ്യ ലക്ഷണങ്ങൾ നിസ്സാരമാക്കാതിരിക്കുക.


ഉണങ്ങാൻ താമസിക്കുന്ന വ്രണങ്ങൾ,
ചില ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന മുഴ, തടിപ്പ്
ക്രമരഹിതമായ രക്തസ്രാവം, വെള്ളപോക്കു (പ്രത്യേകിച്ചും ആർത്തവവിരാമം വന്ന സ്ത്രീകളിൽ) വിട്ടുമാറാത്ത ചുമ, ശബ്ദത്തിൽ ഉണ്ടാകുന്ന വ്യത്യാസം (പ്രത്യേകിച്ചും പുകവലിക്കാരായ ആളുകളിൽ), വിശപ്പില്ലായ്മ, തൂക്കക്കുറവ്, ഇടവിട്ടു വരുന്ന പനി, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, മറുകുകളിൽ കാണപ്പെടുന്ന പ്രകടമായ മാറ്റങ്ങൾ, വായ്ക്കകത്ത് ഉണ്ടാകുന്ന കട്ടിയുള്ള വെളുത്തതും ചുവന്നതുമായ പാടുകൾ തുടങ്ങിയവയൊന്നും നിസ്സാരമായി കാണാതിരിക്കുക.

ആവശ്യമെങ്കിൽ ബയോപ്സി, രക്തപരിശോധന എന്നിവ നടത്തുക, പുറമേക്ക് കാണാത്ത സ്ഥലങ്ങളിൽ തൊട്ടു കണ്ടുപിടിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാൻസർ ആണ് സ്തനങ്ങളിൽ ഉണ്ടാകുന്ന കാൻസർ. തുടക്കത്തിൽ കണ്ടുപിടിച്ചാൽ വളരെ എളുപ്പത്തിൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ് ഇത്. എല്ലാ മാസവും മാസമുറ കഴിഞ്ഞ് ഉടനെ നിവർത്തിവെച്ച ഉള്ളം കൈയുടെ പരന്ന പ്രതലം വെച്ച് സ്വന്തം സ്തനങ്ങൾ പരിശോധിക്കാനുള്ള പരിശീലനം ഒരോ സ്ത്രീക്കും നൽകേണ്ടതുണ്ട്. 40 വയസ്സിനു ശേഷം ഓരോ സ്ത്രീയും കൃത്യമായ ഇടവേളകളിൽ പാപ്പ് സ്മിയർ ടെസ്റ്റ് എടുക്കേണ്ടതുണ്ട്. വൃഷണങ്ങളിൽ വരുന്ന തടിപ്പുകൾ ആദ്യഘട്ടത്തിൽ തന്നെ തൊട്ടു കണ്ടുപിടിക്കാൻ പുരുഷന്മാർക്കും കഴിയണം.

ചില പ്രത്യേക ജോലികൾ ചെയ്യുന്നവരിൽ, പ്രത്യേകിച്ച് റേഡിയേഷൻ അനുബന്ധ മേഖലകളിൽ തൊഴിലെടുക്കുന്നവരും കാൻസർ കാരികളായ കെമിക്കലുകൾ ഉൾപ്പെടുന്നവ കൈകാര്യം ചെയ്യുന്ന തൊഴിലാളികളും, കൃത്യമായ ഇടവേളകളിൽ നിർദ്ദേശിക്കപ്പെട്ട വിധത്തിലുള്ള എല്ലാവിധ ക്യാൻസർ ടെസ്റ്റുകളും നടത്തേണ്ടതാണ്.

പാരമ്പര്യമായി കാൻസറുകൾ വരുന്ന ചില കുടുംബങ്ങളിൽ ജീൻ പരിശോധന ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്തി കാൻസറിനുള്ള സാധ്യതകൾ നേരത്തെ കണ്ടുപിടിക്കേണ്ടത് ഉണ്ട്. കാൻസർ കാരിയായ ഒരു ജീൻ തന്നെ ശരീരത്തിൽ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ സ്വന്തം അണ്ഡശയങ്ങൾ നീക്കം ചെയ്ത ഹോളിവുഡ് താരം അഞ്ജലീന ജോളിയുടെ പോലുള്ളവരുടെ മാതൃക എടുത്തു കാണിക്കപ്പെടേണ്ടതാണ്.

ചികിത്സയെക്കുറിച്ച് കൂടെ കുറച്ചു കാര്യങ്ങൾ
കാൻസർ ഏത് അവയവത്തെ ബാധിക്കുന്നു?ഏതു വിഭാഗത്തിൽ പെടുന്നു? അതിൻറെ സ്വഭാവം എങ്ങനെയാണ്?ഏത് സ്റ്റേജിലാണ് നിർണയിക്കപ്പെടുന്നത്? രോഗബാധിതന്റെ പ്രായം, ആരോഗ്യസ്ഥിതി, സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങൾ ഇതെല്ലാം നോക്കിയതിനുശേഷം ആണ് ക്യാൻസറിനുള്ള ചികിത്സ തീരുമാനിക്കപ്പെടുന്നത് .

സർജറി:
ഏതു ഭാഗത്താണോ ക്യാൻസർ ഉള്ളത് ആ ഭാഗം നീക്കം ചെയ്തുകൊണ്ട് ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ സംരക്ഷിക്കുക എന്നുള്ളതാണ് ലക്ഷ്യം വയ്ക്കുന്നത്. ആദ്യ ഘട്ടത്തിൽ കണ്ടെത്തിയാൽ പല ഭാഗങ്ങളും ഉള്ള ക്യാൻസറുകൾ പൂർണമായും സർജറി കൊണ്ട് ഭേദമാക്കാം.

കീമോതെറാപ്പി:
ക്യാൻസർ സെല്ലുകളുടെ സ്വഭാവം, മനസ്സിലാക്കി അവയുടെ അനിയന്ത്രിതമായ വളർച്ചയെ നിയന്ത്രിക്കുന്ന മരുന്നുകൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ യാണ് കീമോതെറാപ്പി .

റേഡിയേഷൻ ചികിത്സ:
കാൻസർ കോശങ്ങളെ പ്രത്യേക രീതിയിലുള്ള റേഡിയേഷനുകൾ കടത്തിവിട്ട് നശിപ്പിച്ചു കളയുക എന്നതാണ് റേഡിയേഷൻ ചികിത്സയും ചെയ്യുന്നത് .

ചിലപ്പോഴെല്ലാം ഇത്തരത്തിൽ ക്യാൻസർ സെല്ലുകളെ ലക്ഷ്യംവച്ചുകൊണ്ട് കൊടുക്കുന്ന മരുന്നുകളും റേഡിയേഷനും സാധാരണഗതിയിൽ കൂടുതൽ വിഭജനം നടത്തുന്ന മറ്റു കോശങ്ങളെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കീമോതെറാപ്പിയിലും റേഡിയേഷനിലും ഒക്കെ പാർശ്വഫലങ്ങൾ ആയി നാം കണ്ടുകൊണ്ടിരിക്കുന്നത് അവയാണ്.

പക്ഷേ ഒരു ജീവന്മരണ പോരാട്ടം എന്നുള്ള നിലക്ക് രോഗിയുടെ അത്യന്തികമായ നന്മ മുന്നിൽ കണ്ടു കൊണ്ട് ചില പാർശ്വഫലങ്ങളെ അവഗണിച്ചുകൊണ്ട് തന്നെ ചികിത്സയുമായി മുന്നോട്ടു പോകുകയെ നിർവാഹമുള്ളൂ.

കാൻസർ ഗവേഷകർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു മേഖല ഇതാണ് പാർശ്വഫലങ്ങൾ പരമാവധി കുറച്ചുകൊണ്ട് അനിയന്ത്രിത വളർച്ചയുള്ള കോശങ്ങൾ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ടാർജറ്റ് തെറാപ്പിയാണ് ഇപ്പോൾ ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അതുപോലെ ജീനുകളിൽ മാറ്റം വരുത്തി കൊണ്ടുള്ള ജീൻ തെറാപ്പിയും വിവിധ പ്രതിരോധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന ഇമ്മ്യൂണോ തെറാപ്പിയും ഈ രംഗത്ത് പുതിയ വികാസം നേടിയ മേഖലകളാണ്. പലതരം വാക്സിസിനുകൾ പരീക്ഷണ ഘട്ടം പിന്നിട്ടു കൊണ്ടിരിക്കുന്നു. ഹോർമോൺ തെറാപ്പി ഇതിനോടകം തന്നെ പല കാൻസറുകൾക്കും എതിരായി ഉപയോഗിച്ച് വരുന്നു. അധികം വൈകാതെ തന്നെ പാർശ്വഫലങ്ങൾ പരമാവധി കുറഞ്ഞ ഒരു ചികിത്സാരീതി വിവിധതരം കാൻസറുകൾക്ക് എതിരായി നമുക്ക് ലഭ്യമാകും എന്നു തന്നെ പ്രതീക്ഷിക്കാം.

നിലവിൽ നല്ല ചിലവ് വരുന്ന ചികിത്സ തന്നെയാണ് കാൻസറുകൾക്ക് എതിരെ നമുക്ക് ലഭിക്കുന്നത്. ഗവേഷണങ്ങൾ പുരോഗമിക്കുമ്പോൾ ആ രംഗത്തും പ്രതീക്ഷയ്ക്കു വകയുണ്ട്. ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഏതൊരാൾക്കും ലഭ്യമാകുന്ന തരത്തിൽ കാൻസർ ചികിത്സ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങൾ തന്നെയാണ് നാനോടെക്നോളജി യുടെയും വെർച്ചൽ റിയാലിറ്റി യുടെയും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ന്റെയും മറ്റെല്ലാ ആധുനിക സാങ്കേതിക വിദ്യകളുടെയും ചുവടുപിടിച്ച് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

നിലവിലുള്ള സമൂഹത്തിൽ ഏറെ തട്ടിപ്പുകൾക്ക് രോഗികൾ ഇരയായിക്കൊണ്ടിരിക്കുന്ന ഒരു മേഖല കൂടിയാണ് ക്യാൻസർ ചികിത്സ എന്ന് പറയാതെ വയ്യ. മുള്ളാത്തയും മുരിക്കൻ കോലും തൊട്ട് കാന്തക്കിടക്കയും കോസ്മിക് എനർജി യും വരെ... രോഗികളുടെ ജീവനും സ്വത്തും തട്ടിയെടുക്കാൻ നിരവധി പേർ വരി നിൽക്കുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ചികിത്സ രീതികളെ മാത്രം പിൻപറ്റുക, അനുഭവ വിവരണങ്ങളിൽ മാത്രം ആകൃഷ്ടരായി വഞ്ചിതരാകാതിരിക്കുക എന്നു മാത്രമെ ഉണർത്താനുള്ളൂ.

രോഗം ഭേദമാക്കാൻ ഉതകുന്ന ചികിത്സ നൽകാൻ കഴിയില്ല എന്ന ഘട്ടത്തിലാണ് രോഗി ഉള്ളതെങ്കിൽ തുടർജീവിതം ആയാസരഹിതമാക്കാൻ കൃത്യമായ പാലിയേറ്റീവ് പരിചരണം രോഗിക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഈ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന നിരവധി സംരഭങ്ങൾ നമ്മുടെ നാട്ടിലുണ്ട്.

ശാസ്ത്ര ഗവേഷണ പുരോഗതികൾ ഓരോന്നും ഏറ്റവും താഴെ തട്ടിൽ ജീവിക്കുന്ന ജീവിതത്തിൽ പോലും പ്രതിഫലിക്കുമ്പോൾ ആണ് ശാസ്ത്രവും മാനവരാശി യും വികസിച്ചു എന്ന് നമുക്ക് പറയാൻ കഴിയുക. അതിവിദൂരമല്ലാത്ത ഭാവിയിൽ അത് സംഭവിക്കുക തന്നെ ചെയ്യും. കാൻസർ നിർണയവും ചികിത്സയും ആയി ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി നാഴികക്കല്ലുകൾ നാം പിന്നിട്ടു. നമുക്കും ചുറ്റും അതിജീവിച്ചവർ എത്രയോ പേരുണ്ട്.

പക്ഷെ ഈ അസുഖം നമ്മിൽ നിന്നും പലരുടെയും ജീവൻ കവർന്നെടുത്തിട്ടുമുണ്ട്... പലപ്പോഴും രോഗം നിർണ്ണയിക്കപ്പെടാനുള്ള കാലതാമസമാണ് ഈ അവസ്ഥ ക്ക് കാരണമാകുന്നത്. അതുകൊണ്ടുതന്നെയാണ് ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനം പ്രസക്ത മാകുന്നത്. ഇന്ത്യ യിൽ 2014 മുതൽ നവംബർ ഏഴ് നാഷണൽ ക്യാൻസർ അവയർനെസ് ഡേ ആയി ആചരിക്കപ്പെടുന്നു. ക്യാൻസർ പോരാട്ടങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച മാഡം ക്യൂറിയുടെ ജന്മദിനം കൂടിയായ ഈ ദിവസത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും സുരക്ഷിതവും സൗജന്യവുമായ കാൻസർ നിർണ്ണയവും ചികിത്സയും ലഭ്യമാകുന്ന നല്ല നാളെകളെ നമുക്ക് സ്വപ്നം കാണാം.
ഡോ. സജില ഹനീഫ,
അസി. സർജൻ,
പ്രാഥമിക ആരോഗണകേന്ദ്രം, ചെറിയമുണ്ട,
മലപ്പുറം.
No comments:
Post a Comment